പോയ് വരാം


ഉറങ്ങാതിരിന്നു ഞാനിന്നലെയും,
കരിഞ്ഞുണങ്ങാറായ
മാവിനു കാവലായ്..
ശിഖിരം മറഞ്ഞമ്പിളി
മൂകനായ് നോക്കി,
ഉമ്മറത്തെ,
കറപറ്റിയ ചാരു കസേരയും,
വയസ്സനായുറുമ്പരിച്ച നീളന്‍
കാലന്‍ കുടയുമെന്നെ
പരിഹസിക്കുന്നു- വെറുപ്പോടെ
സങ്കടമടക്കിയെന്നപോല്‍....

മണല്‍ കാട്ടിലുറങ്ങിയ രാത്രികളില്‍,
എന്‍ കനവിന്നുയിരെന്നച്‌ഛനായിരുന്നു,
ഈ മാവിന്‍ തേന്‍പഴങ്ങളായിരുന്നു,
മുത്തശ്ശിയുടെ,
പല്ലില്ലാത്ത മോണയായിരുന്നു..

ഞാനുമീ മാവും,
സമപ്രായമാണ്..
ബാര്‍ട്ടറില്‍ തമ്പ്രാന്‍ തന്നതാണന്നിത്
വലിയൊരിളവനു പകരമായ്...

അന്നച്‌ഛന്‍ പറഞ്ഞ കഥയില്‍,
വിയര്‍പ്പാണ് സാഹിത്യം
പാടത്തെ വെയിലിന്‍,
ശൌര്യമാണലങ്കാരം
കോമയും കുത്തുമില്ലാതെ
നീണ്ടു പോകുന്ന കഥയായിരുന്നത്...

ഖുബൂസിന്റെ രുചിയെ
പഴിച്ചിടുമ്പോഴാണ്
"ഇന്നലെയെന്‍ നെഞ്ചിലെ....." പാടി
ഫോണ്‍ കരഞ്ഞത്..
പിന്നെ ഒന്നുറക്കെ
പൊട്ടിക്കരയാതിരിക്കാന്‍..
ദുര്‍ബലനായിരുന്നു ഞാനത്രമാത്രം....

ഇനിയൊരു തിരിച്ച് പോക്കിന്
നേരമില്ലെന്നറിയാം
എന് ഹൃദയ രാഗത്തിന്‍
ശ്രുതി ചേരില്ലെന്നറിയാം..
എങ്കിലും
മനസ്സിന്‍ വീണയില്‍..
ശ്രുതിമെല്ലെ ചേരുവാന്‍
കടലക്കരെ നീന്തണമിനിയുള്ള കാലം

നാളെ
അച്‌ഛന്റെയാത്മാവ്
തേടിയലയുന്നതിനു മുന്‍ പെ
യാത്രയാവുന്നു...
ഞാനും...
നിന്നെ സാക്ഷിയാക്കി...


തുഷാരം മാഗസിന്‍ ജുലൈ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.
http://www.thusharam.com/article.asp?artId=117

4 comments:

G.MANU said...

:)

ഷംസ്-കിഴാടയില്‍ said...

ജീവിതത്തില്‍ നിന്നും അടര്‍ത്തിയ ഈ ഏടിന്റെ വക്കില്‍ രക്തം പൊടിഞ്ഞുവോ.....

ഒന്നാംതരമായിട്ടുണ്‍ട്....

മനോജ് കുറൂര്‍ said...

റിയാസ്, കവിത സന്തോഷത്തോടെ വായിച്ചു. കവിതയാകാന്‍ കൊതിക്കുന്ന ധാരാളം വരികള്‍...ചില തോന്നലുകള്‍ പറയട്ടെ...പദ്യത്തില്‍ മാത്രം ഉപയോഗിക്കുന്ന വാക്കുകള്‍ ഒഴിവാക്കിയാല്‍ കൂടുതല്‍ മുറുക്കം കിട്ടും...പ്രാദ്ര്ശികമായ വാക്കുകള്‍ കവിതയ്ക്കു തിളക്കം കൂട്ടുന്നു...പക്ഷേ ഇതൊന്നും ബോധപൂര്‍വം വേണമെന്നല്ല...എഴുതുമ്പോല്‍തന്നെ മനസ്സില്‍ ഒരു കത്രിക സൂക്ഷിക്കുക...നല്ല കവിതകള്‍ ഇനിയുമുണ്ടാകട്ടെ!

ആര്‍ബി said...

thanks for all

especially
manoj sir...

shams , g amnu...

cretive comments will improve myself... so i need it