ഒരു പുഷ്പത്തിന്റെ ആത്മഗദം....


റീത്തായും ചക്രമായും മണ്ണിലെറിയപ്പെടുന്ന, അതല്ലെങ്കില്‍ പ്രണയിനിക്കായ് സമര്‍പ്പിക്കപ്പെടുന്ന പുഷ്പത്തിന്റെ ആത്മനൊമ്പരമാണിവിടെ......





അരുത്,
എന്നെയറുക്കരുത്..
എന്നിതള്‍ പിച്ചരുത്,,

നീയെന്നെയറുത്ത്-നിന്‍
പ്രേയസിക്കായരര്‍പ്പിക്കും,
അവളെന്നെ ചുംബിച്ച്,
നിന്‍ കണ്‍കുളിര്‍പ്പിക്കും..
എന്‍ ഗന്ധം വറ്റി - ഞാന്‍
കറുക്കാനൊരുമ്പെട്ടാല്‍.
മണ്ണിലെറിഞ്ഞെന്നെ - യവള്‍
നിന്നില്‍ നിന്നകന്നിടും..

അരുത്...
എന്നെയറുക്കരുത്..
ഒരു റീത്തില്‍ കോര്‍ത്തെന്നെ,
ശവത്തിലെറിയരുത്,,
സുഗന്ധം പരത്തുമൊരു
വേളയെങ്കിലും,,,
ശവമായി ഞാനുമീ
അഗ്നിയിലമര്‍ന്നിടും

അരുത്
എന്നെയറുക്കരുത്,,
പടിഞ്ഞാറന്‍ കാടനെ,
പേടിച്ചരണ്ടിടും,
പൈതങ്ങളൊക്കെയും,
എന്മുഖം ദര്‍ശിച്ച്,
ഒരു നിമിഷമെങ്കിലും,
സായൂജ്യമടയട്ടെ...!!
മറ്റൊരു ചാവേറിനി,
വരുംവരെയത്രയും......





*കാടന്‍ - കാട്ടാളന്‍..

ചെന്തെരു കാണാതെ....



എന്‍ കവിളിലൊരു,
കണ്ണീരുമ്മതന്ന്,
പടിയിറങ്ങിപോയവനീ-
പെരുമഴയത്ത്...
തിരിഞ്ഞ് നോക്കുമാ-
ചെങ്കവിളിനാരോ,
“ചെന്തെരുവിന്‍ -
വ്യാജപട്ടയം നല്കി...!!

കണ്ണില്‍ മണ്ണിട്ട്,
കരണം മറിഞ്ഞവര്‍,
അന്യരായറപ്പോടെ
മാറിനിന്നു..

“‘എലിസ’“യും കൈവിട്ടിനി,
മരണം പുല്കാന്‍,
വിദ്യയെന്തിനെന്നോര്‍ത്തു
ഞാനും..
പുള്ളിക്കുട ചൂടില്ല,
കൊത്തം കല്ലാടില്ല
,നെല്ലിക്ക വിറ്റൊരു
പെന്‍സിലും വാങ്ങില്ല..
പനിവന്നുണങ്ങിയും,
വ്രണമായളിഞ്ഞും
പിണമായിത്തീര്‍ന്നിടുമവന്‍..

കാലം തെറ്റിയൊരു
പെരുമഴ പെയ്യുമ്പോള്‍
‍മൌനമായ് ചോദിക്കും..
“മറന്നുവോ.... എന്നെ....?“

*ചെന്തെരു- ചുവന്ന തെരുവ് (ബോംബെ)

ചിന്ത ഓണ്‍ലൈന്‍ മാഗസിന്‍ ഡിസംബര്‍ ലക്കം പ്രസിദ്ധീകരിച്ചു
http://www.chintha.com/node/2993