ഫോട്ടോഷോപ്പ്..

മൂന്നാം പക്കവും കഴിഞ്ഞു..
മടക്കമായോരോരുത്തരും..!!

ഇനിയീ കോലായില്‍,
അഛന്റെയൊരു പടം തൂങ്ങണം...
മൂവന്തിയിലെന്നും,
തിരി തെളിയിക്കാന്‍...

കല്യാണ ഫോട്ടോയില്‍,
മുടി വെളുത്തിട്ടില്ലാത്ത-
കട്ടിമീശയുമായൊരു - ചുള്ളന്‍
പയ്യനാണഛന്‍...

സപ്തതിയിലഛന്,
പല്ലില്ല,-
മുടിമുക്കാലുമില്ല..!!
വാടിക്കരിഞ്ഞടുക്കുകളായ
വയസ്സന്‍ മുഖം....!!

“അയ്യേ..!!
ഇതിവിടെ വെക്കാന്‍,
നാണക്കേടും”....

കമ്പ്യൂട്ടറില്‍,
ഫോട്ടോഷോപ്പിലിട്ടൊന്ന്,
വെളുപ്പിച്ച്,
മുടീവെച്ച്,
മിനുക്കിയെടുത്തപ്പോള്‍,
“കൊള്ളാം....
തന്റേടീയായി പറയാം,
“ഇതാണെന്റെയഛന്‍...”

സന്ധ്യക്കു ദീപം കൊളുത്തി,
തൊഴുകയ്യാലമ്മ..
ഒന്നു വണങ്ങി-
പിന്നെ അന്തിച്ചുരുവിടുന്നു,,
സഹതാപിയായ്..
“ഇതെന്‍ കെട്ട്യോനോ..??
എന്‍ പിള്ളേരഛ്നോ...ഈശ്വരാ‍..

അമ്മക്കു പിന്നിലായ് ഞാനും,
ഡാര്‍വിനൊരു പിന്‍ഗാമിയായ്
തലകുനിച്ച്
തെല്ലൊരഹങ്കാരിയായ്.....!!!