മറവി



മറവി,
ഹോംവര്‍ക്ക് ചെയ്യാത്ത
ബാല്യത്തിന്റെ
തീരാ ശാപം !
ബര്‍ത്ഡേ ഓര്‍ക്കാത്ത
കൗമാരത്തിലെ
പൊറുക്കപ്പെടാത്ത പാപം !
ഉറ്റവര്‍ ഒറ്റയാക്കിയ
വാര്‍ധ‍ക്യത്തിന് ദിവ്യവരം !


മറവി,
ഭൂതത്തില്‍ കോറിയിട്ട
കല്‍വര മായ്ക്കാന്‍
ഉള്ളിന്റെയുള്ളിലെ
പെന്‍സില്‍ ബോക്സിലെന്നും
കളയാതെ സൂക്ഷിച്ച
എറേസര്‍..!!


മൗനം


മുഖഭാഷ ധിക്കാരമെന്ന്,
മുന്‍ വിധിയെഴുതി
തഴയപ്പെട്ടു


വാക്കില്‍ മയമില്ലെന്ന്,
വായടപ്പിച്ച്,
വെറുക്കപ്പെട്ടു.

മൗനം രണ്ടാം ഭാഷയായപ്പോള്‍
മാന്യനാക്കി,
സ്നേഹിക്കപ്പെട്ടു.

ജേണലിസ്റ്റ്

തലയിലുള്ളത്
കാല്‍ക്കല്‍ സമര്‍പ്പിച്ച്
കഴുത്തിലിട്ട
'ഞാനി'ല്‍
സ്വയം നഷ്ടപ്പെടുന്നവന്‍..
കണ്ടത് മറന്ന്,
കേട്ടതിനു പിന്നാലെ
ഓടി തളര്‍ന്നവന്‍...

ബെഡ് സ്പെയ്സ്

ബെഡ് സ്പെയ്സ്
നാപ്പത് സെന്റില്‍
ഇരുനില വീടുള്ള
നാല്പത്കാരനും
ഇരവിലിരുന്ന്
കണ്ണീര്‍ പൊഴിക്കാന്‍
നാന്നൂറു ദിര്‍ഹമിനൊരു
ഇരുള്‍കൂട്..

നിര്‍ഭയം

നിര്‍ഭയനായിരുന്നേല്‍
ഞാന്‍,
"മൂകത"യെ പ്രണയിക്കും
മന്‍സ്സിലെ
ദു:ഖവും
സ്വപ്നവും
പങ്കുവെച്ച്
അവളോട് കൊഞ്ചും..

മൃദുവാം മടിയില്‍
തലചായ്ച്ചുറങ്ങും
പതിഞ്ഞ
നിശ്വാസമേറ്റുണരും
പരുക്കനൊച്ചക്കും
വാക്കിനും
വിട നല്‍കി
ഏകാന്തതയുടെ
കളിത്തോഴനാകും..

പന്തെടുക്കാന്‍..

"മരപ്പൊത്തില്‍ വീണ
പന്തെടുക്കാന്‍
ഒരുകുടം വെള്ളമൊഴിച്ചു
ചാചാ നെഹ്റൂ..!"

രണ്‍ടാം ക്ലാസിലിങ്ങനെ
പഠിച്ചിരുന്നു.

ഇവിടെ മുറ്റത്തെ,
കൈയെത്താവുന്ന
കുഴിയില്‍ വീണ
പന്തെടുക്കാന്‍
നൂറു വെള്ള-
ക്കുടങ്ങളുമായി
കാത്ത് നില്‍ക്കുന്നു
പമ്പരവിഡ്ഢികള്‍..

മൂട്ടകള്‍

ഒരിറ്റ് ചോരക്കായി
മൂട്ടകളെന്റെ
ഉറക്കം കെടുത്തുന്നു.
വെളിച്ചത്തിലാവാഞ്ഞിട്ടോ
പേടിച്ചിട്ടോ,
അവ
ഇരുളിനെ പുല്‍കുന്നു.
ബെഡ്ഡിനടിയില്‍
ബെഡ്ഡ് ഷീറ്റിനു പിറകില്‍
ബ്ലാങ്കെറ്റിന്‍ മടക്കില്‍
ഇരുട്ടില്‍ നിന്നിരുട്ടിലേക്കോടുന്നു
മൂട്ടകള്‍

ചൂടേല്പിച്ചു
ഡെറ്റോള്‍ തളിച്ചു
ഉറക്കമിളച്ചു-ഞാനും.
ചോര നിറഞ്ഞ്
വീര്‍ത്ത വയറുള്ള
വമ്പന്‍ മൂട്ടകള്‍
മാസ്കിങ് ടാപ്പില്‍
ഞെരിഞ്ഞമര്‍ന്നു
എന്നിട്ടും വേരറ്റില്ല..
ഇനി
ബോംബ് തന്നെ ശരണം..!!!

"നിന്റെ സൌഹൃദം പോലെ"

തോളത്ത് കൈവെച്ച്
കൈവിരല്‍ കോര്‍ത്ത്,
കൂടെ നടന്ന്..
കൂടണയുന്നേരം,
നിന്റെ വകയായിട്ടൊരു
"ബ്ലാങ്ക് എസ എം എസ്.."
പിന്നീടൊന്നിങ്ങനെയും .
“ നിന്റെ സൌഹൃദം പോലെ”..!


നടന്ന് തീര്‍ത്തതും,
കൂടെ ചിരിച്ചതും
കരഞ്ഞതും
പങ്ക് വെച്ചതും..
വെറുതെയാണെന്നോ..

അതോ
കാപട്യത്തിന്റെ
കറയില്ലാത്ത,
മുഖസ്തുതിയുടെ
വികല പൊലിവില്ലാത്ത
സൌഹൃദമെന്നോ..??
എന്ത് വായിക്കണം..

നീ തന്നെ പറ,
അടുത്ത എസ് എം എസ്സായെങ്കിലും....

നടുവേ ഓടുമ്പോള്‍..

മധ്യത്തിലൂടോടാനായിരുന്നു
എന്നുമിഷ്ടം..
ശല്യമായിട്ടാരും
പിന്നില്‍ ഹോണാടിക്കില്ല,
ഇടതോ വലതോ മാറാന്‍,
കണ്ണു ചിമ്മിക്കണം..
മടി -
അതിനൊട്ടനുവദിക്കുന്നുമില്ല..!

ഇടത്തോടുന്ന ഹമ്മര്‍,
എന്നെക്കാളേറെ മുമ്പിലാണ്,
വലത്തോടൂന്ന,
നരച്ച
മേര്‍സിഡിസ്,
ഏറെ പിന്നിലും...
ഗര്‍വ്വോടെ,
ഇടത് മാറുമ്പോള്‍,
പാഞ്ഞുവന്ന,
ലാന്റ് ക്രൂസിയറിനടിയില്‍
പിടഞ്ഞു..
തിമിരം ബാധിച്ച
കണ്ണുകള്‍ തന്നെ പ്രശ്നം..

ഓര്‍ക്കണമായിരുന്നു,
എന്റെയും അവന്റെയും
ചോരത്തിളപ്പിലെ
അന്തരം..

അമ്മ തല്ലുന്നത്

"അമ്മയെന്തിന്
നിങ്ങളെ തല്ലി"
മൂന്നു വാക്യത്തില്‍
ഉത്തരമെഴുതണം..

ബീരാനെഴുതി.
"ബാപ്പ വീട്ടില്‍ ബരുമ്പോ-ഞാന്‍,
നീച്ച് നില്‍ക്കാഞ്ഞതിന്..
കഞ്ഞിപാത്രം
തൊടൂക്കെറിഞ്ഞതിന്
സുബൈക്ക് നീച്ച്
നിസ്കരിക്കാത്തതിന്.."

പത്താം ക്ലാസ്സിലെ
സുനു എഴുതി,
"മഞ്ഞ പെന്‍സില്‍ മുറിച്ച്
പാതി പാറുവിനു നല്‍കിയതിന്
രാവിലെ
ഹോര്‍ലിക്സ് കുടീക്കാത്തതിന്
സ്കൂള്‍വിട്ട് വീട്ടിലോട്ട്
മഴയത്തൂടോടിയതിന്..."

എല്‍ കെ ജി യിലെ
പിങ്കുമോന്‍
കണ്ണു നിറച്ച്
മെല്ലെ പറഞ്ഞു,,
"തല്ലാനെനിക്ക് അമ്മയില്ലല്ലോ..
മമ്മിയാ തല്ലുന്നെ,
സീരിയല്‍ കാണുമ്പോ
"മമ്മീ"ന്ന് വിളിച്ചാ...."

കോങ്കണ്ണ്

എന്റെ കണ്ണുകള്‍ക്ക്,
രൂപമൊന്നായിട്ടും,
ദിശ രണ്ടാണ്.
വലത്തേത് നേരെയെങ്കില്‍,
ഇടത്തേത് ഇടത്തോട്ട്-
ഒരല്‍പം ചെരിഞ്ഞ്..!!
വലതുകണ്ടതധികവും,
ഇടത് കണ്ടില്ല,
തിരിച്ചും..

മുന്തിയ കണ്ണട വെച്ചിട്ടും
ഫലമൊന്നുമില്ല !
പ്രായമായ ചിലരെങ്കിലും
പറഞ്ഞു - നേരെയാവും
ഒന്നു തോണ്ടിയാല്‍..

ഇനിയായിട്ട് വേണ്ടെന്ന്
ഞാനും കരുതി.
ഇങ്ങനെയങ്ങ് തീരട്ടെ,
രണ്ടും രണ്ടായി തന്നെ..

നുഴഞ്ഞു കയറ്റം

വിഷമാണെന്നറിയാതെയാണ്,
ബാല്യത്തില്‍
കാഞ്ഞിരകായക്കഴിച്ചത്.
പെട്ടെന്ന് ആമാശയം,
ചെറു-വന്‍ കുടലുകള്‍ ചേര്‍ന്ന്
ഒത്തുപിടിച്ചതിനെ
താഴോട്ട് തള്ളിവിട്ടു.
രക്ഷപ്പെട്ടു...

ഇന്നലെ കോണിയിറങ്ങുമ്പോള്‍
നിലതെറ്റി വിണു,
പിന്നീടെണീറ്റതേയില്ല..
ഉള്ളിലാരോ
നുഴഞ്ഞുകയറിയോ?
ഇന്നോളം കുടിച്ച,
പെപ്സി- കോള..!!
മെക്ക്-ബര്‍ഗര്‍?? അങ്ങനെയാരേലുമാവാം..
എന്നാലും
ഒന്നൊത്തു പിടീക്കാന്‍,
ഒന്നു താഴോട്ടു തള്ളാന്‍
ആര്‍ക്കുമായില്ലേ??
ആരുമൊന്നുമുരിയാടാതെ,
സ്വയം ക്ഷയിക്കുകയായിരുന്നോ??

രണ്ട് വിധികള്‍

കൊതിച്ചിട്ടോ അല്ലതെയോ
പ്രവാസത്തോടെയാണ്
ശരീരം വിണ്ണിലും
ആത്മാവ് മണ്ണിലുമാക്കപ്പെട്ടത്

കൊതിച്ചിട്ടല്ലെങ്കിലും
മരണത്തോടെയാണ്
ശരീരം മണ്ണിലും
ആത്മാവ് വിണ്ണിലുമാക്കപ്പെട്ടത്.







read here also

പ്രവാസി

വാശിയാണ്
ചില നേരങ്ങളില്‍
അവള്‍ വിളിക്കട്ടെയെന്ന്
അവന്‍ വിളിക്കട്ടെയെന്ന്
അവിടുന്നാരേലുമൊരു
മിസ്സ് കാളടിക്കട്ടെ..
അങ്ങനെ ഞാനും- സ്നേഹിക്കപ്പെടുന്നുവെന്നറിയാന്‍..
ഒന്നും കണ്ടില്ലേലുമവസാനം
ഞാനങ്ങോട്ട് തന്നെ വിളിക്കും
നീയെന്നെമറന്നാലും,
നിന്നെ ഞാനോര്‍ക്കുന്നുവെന്ന്,
പറയാതെ പറയും
അങ്ങനെ
ആത്മനിര്‍വൃതിയടയും...

റമീസിന്റെ അലാറം


അയ്യപ്പബൈജുവിനെ പോലെ,
ഒരലാറമുണ്ട്,
*റമീസിന്റെ റൂമില്‍,
ബഡ്ഡിന് കീഴെയൊരു
മൂലയിലായിട്ട്..
രാവിലെയഞ്ചിനെന്നും
പിരടിക്കഞ്ച് കിട്ടിയാലും,
തെറിവിളിക്കാന്‍
ഒരുളുപ്പുമില്ലാതെ
ഉറക്കമുണര്‍ത്തിയവന്റെ -
കൈനീട്ടം വാങ്ങിവെക്കുന്നു
പാവം അലാറം..!!






*ഞങ്ങളുടെ നാട്ടിലെ ഒഴിവാക്കാനാവാത്ത ഒരു കഥാപാത്രമാണ് റമീസ്

ഇനി നീയുറങ്ങുക


ഇനി നീയുറങ്ങുകയീ
നദിക്കരയില്‍,
വാരിയന്‍കുന്നന്റെ
ചെഞ്ചോരയുറ്റിയ
മണ്‍ തരികളില്‍
മഴയിരമ്പം കേള്‍ക്കാതെ
വെയിലിന്‍ ശ്വൌര്യമേല്‍ക്കാതെ
കാറ്റിനലര്‍ച്ചയില്ലാതെ..
നീയുറങ്ങുക - സ്വൈര്യമായി..
ചിതറിക്കിടന്ന നൂലിനാല്‍
നിന്‍ പിതാവ് നെയ്തതില്‍
നീ ചേര്‍ത്ത് തുന്നിയ
ഹരിതാഭ നിനക്കായി
തണലേകും നാളെയും..
നിന്മന്ദസ്മിതത്തിലലിഞ്ഞ
ആക്രോശങ്ങള്‍,
കാലടിപുണര്‍ന്ന കവലകള്‍
ശാന്തമാണിന്നും നിന്നെയോര്‍ത്ത്.
നിന്‍ തൂലിക നല്‍കിയ
അക്ഷരക്കൂട്ടും
പറയാതെ പറഞ്ഞ
ശാസ്യഭാഷ്യങ്ങളും
ആലംബമറ്റയീ
മക്കള്‍ക്ക്
കരുത്താവുമെന്നും..
പകരമായി നല്‍കാന്‍
ഒന്നുമില്ല..!
കണ്ണീര്‍തൂവിയ
പ്രാര്‍ത്ഥനയല്ലാതെ....


ചിലന്തി..



എട്ടുകാലുമായ്,
ദേഹം നിലം തൊടീക്കാത്ത
ഹേ ചിലന്തീ...
നീ വിഡ്ഢി..!!
ഇങ്ങേ കൊമ്പില്‍ നിന്ന്
അങ്ങേ കൊമ്പിലോട്ടൂഞ്ഞാലാടി
ദുര്‍ബലമാം നിന്‍ ഉമിനീര്‍ നൂറ്റ്
വട്ടത്തില്‍ വലതീര്‍ത്തവന്‍
നീയാണ് വിഡ്ഢി..!
മാവ് പ്ലാവിനോടും
തെങ്ങ് കവുങ്ങിനോടൂം,
കൂട്ടാവില്ലൊരിക്കലുമെന്നറിയാതെ,
അവരെ തമ്മില്‍ കൂട്ടാന്‍ ശ്രമിച്ച
നീയല്ലെ,
ആഗോള വിഡ്ഢി....!!
ഉണങ്ങി തൂങ്ങിയ മടലുമായി
പുരയുത്തരത്തെ ബന്ധിച്ച്
എന്ത് നേടി നീ വെറും ചെറു
പൂമ്പാറ്റയും വണ്ടും പ്രാണിയുമല്ലാതെ.
പണ്ടു മുതലേതോ
മൂഢ കവിഭാവനയില്‍,
നിന്‍ വിരുത് വാഴ്തപെട്ടത്
നീയാസ്വദിച്ച്,
ലോകം മുഴുക്കെ നിന്‍
നൂലില്‍ ബന്ധിതമെന്ന്
തെല്ല്ലല്ലാതഹങ്കരിച്ചു
നീ - പമ്പരവിഡ്ഢി..
ഇലയുണങ്ങും ശിഖിരവും..
അന്നു നിന്‍ കോട്ട തകരുമെന്ന്
നീയോര്‍ത്തുവോ..??
പ്ലാവൊരു നാള്‍
വീഴ്ത്തപ്പെടുമെന്നും,
ശക്തമല്ലാത്തൊരു കാറ്റില്‍ പോലും
നിന്‍ തുപ്പലലിഞ്ഞ് ചേരുമെന്നും
നിന്‍ ചെറു ബുദ്ധിയിലുദിച്ചില്ല..
കാലം തേളിയിച്ചു
നീയാണ് വിഡ്ഢി..!!
ഇത്തിരി പോന്ന ചിലന്തി
നീയാണ് വിഡ്ഢി,,!!!











ചിത്രത്തിനു കടപ്പാട്,
read it here also

മുന്‍തളിറിന്റെ പാദുകം


വിശ്രമിക്കാനൊരു നാള്‍,..
തണലിലിരുന്ന,
ന്യൂട്ടന്റെ തലയില്‍,
ചെമപ്പ് നിറമുള്ള-
ഒരാപ്പിള്‍ വീണതാണ്,
സ്വബോധോദയത്തിനും,
ശേഷം,
ഭൂഗുരുത്വ തത്വത്തിനും,
കാരണമായത്..!!

ഇനിയുള്ള കാലം,
കാലും നീട്ടി-
വിശ്രമിക്കാനൊരുങ്ങും,
യാങ്കി തമ്പുരാന്റെ,
തലയിലുതിര്‍ത്ത,
ചോരയില്‍ കുതിര്‍ന്ന-
മുന്‍തളിറിന്റെ പാദുകം,
എന്തു ബോധ്യമാവും നല്‍കുക?
ആ നീച ജന്മത്തിന്???‍

താക്കോല്‍


കാമദാഹത്താ-‍
ലാര്‍ത്തനാദം മുഴക്കി,
അവനവളെ പുല്‍കി‍,
നിമിഷം കൊണ്ടവളുടെ,
പേറെടുത്ത് പലര്‍ക്കായ്...
എന്നിട്ടുമിന്നും,
സ്വന്തമെന്നു പറയാന്‍,
മറ്റൊന്നുമില്ലാതെ,
ചെറിയൊരു ചരടില്‍,
തൂങ്ങികിടക്കുന്നു,
ചുവരില്‍,
മറ്റൊരങ്കത്തിന്,
തക്കം പാര്‍ത്ത്..!

നീല കളറുള്ള പേന.


കന്നിപ്രസവത്തില്‍,
സ്നേഹാക്ഷരങ്ങള്‍...
തുടര്‍ന്നൊരുപാട്,
കനവുകള്‍... നിനവുകള്‍...
പിന്നീടൊക്കെയും,
പരാതികള്‍...
വൈകല്യം തീണ്ടിയ
കണ്ണീര്‍ പൂക്കള്‍...
അവസാന സന്തതിയായൊരു
ചരമക്കുറിപ്പും...!
നീല കളറുള്ളയെന്‍ -
പേന വീണ്ടും..
അനാഥയാവുന്നു -
നീകാരണം........‍....