നീല കളറുള്ള പേന.


കന്നിപ്രസവത്തില്‍,
സ്നേഹാക്ഷരങ്ങള്‍...
തുടര്‍ന്നൊരുപാട്,
കനവുകള്‍... നിനവുകള്‍...
പിന്നീടൊക്കെയും,
പരാതികള്‍...
വൈകല്യം തീണ്ടിയ
കണ്ണീര്‍ പൂക്കള്‍...
അവസാന സന്തതിയായൊരു
ചരമക്കുറിപ്പും...!
നീല കളറുള്ളയെന്‍ -
പേന വീണ്ടും..
അനാഥയാവുന്നു -
നീകാരണം........‍....

അറിയില്ല..!


നിന്നെങ്ങനെ-
അറിഞ്ഞു ഞാന്‍...??
അറിയില്ല..!
പിന്നെങ്ങനെ-
അടുത്തു നാം..??
അറിയില്ല..!
നിനക്കായ് ഞാനും,
എനിക്കായ് നീയും
കരഞ്ഞുവോ..??
അറിയില്ല..!
നിന്‍ സാമീപ്യം ഞാനും,
എന്നെ നീയും,
ആശിപ്പോ ഇന്ന്..?
അറിയില്ല..!
ഇനിയിവയ്ക്കുത്തരം കാണാതെ,,
വീണ്ടുമെങ്ങനെ നാമൊന്നിക്കും?
അക്കരെയിക്കരെ വ്ര്`ഥാ-
അലയുകയല്ലാതെ..

ചില്ലു കൊട്ടാരം...

ആ‍ര്‍പ്പോ .. ഹീറോ...!!!1
ഞങ്ങളുടെ കലാലയത്തിനും,
യു ജി സി ഫണ്ട്....!!
കാമ്പസിനൊരഴകായി
കാന്റീനും കക്കൂസും..


ആദ്യോല്‍ഘാടനം-
കക്കൂസിനായിരുന്നു...
ചിലര്‍ സാധകം ചെയ്തു...
ചിലര്‍ ബെല്‍റ്റ് തിരൂകി-
ഹാവൂ...!!!!!!! മൊഴിഞ്ഞ്
പുറത്തു വന്നാഹ്ലാദരായ്....


കമ്മീഷന്‍ വന്നു-
“ഇന്റീരിയര്‍ ഇന്‍സ്പെക്ഷന്‍..?????
കണ്ണാടി ചില്ലുപോലെല്ലാം....
നഗ്ന ചുമരുകള്‍ -
രവിവര്‍മ്മ ചിത്രാലങ്കാരങ്ങള്‍...!!

നാളെയുടെ സാങ്കേതികതക്കവര്‍
‘എ ഗ്രേഡ് ‘ നല്‍കി.....

നദി


അന്ന്
കാട്ടില്‍ ഞാനേക,
മധുരപതിനേഴിന്‍,
ശാലീന- കന്യക.

ഇന്ന്
ഒരാര്‍ത്തിയാല്‍
നഗരം പുല്‍കി
പലരും, തൊട്ട് - തലോടി,
ഞാനും , ..............
ഇനി
ഈ വിയര്‍പ്പും,
ഉപ്പും,
പകലെന്തിയോളമിരമ്പവും,
തെല്ല് പരിഭവമെന്തിന് ?
നഗരമല്ലേ....

ഇക്കുറി കൊയ്ത്തിനായ്...


ഇക്കുറി പാടത്തെ കൊയ്ത്തിനായീ,
ഞാനുമെന്നച്ഛന്റെ കൂടെ വരും..
ചെറുമികള്‍ പാടുന്ന കൊയ്തുപാട്ടി-
ന്നീണത്തില്‍ പൊന്‍കതിര്‍ കൊയ്തെടെക്കും..
പാടത്തെ ചേറില്‍ മലക്കം മറിഞ്ഞൊന്ന്,
തിത്തകം തയ്യകം ആര്‍ത്തിടേണം,
അങ്ങേകരയിലെ കാര്‍ത്യാനിയമ്മേടെ,
കുറിയരികഞ്ഞികുടിച്ചീടണം...
ഇക്കുറിപാടത്തെ കൊയ്ത്തിനായീ-
ഞാ‍നുമെന്നച്ഛന്റെ കൂടെ വരും....
വാനിന്റെ തൂണുപോലംബരചുംബികള്‍,
ഒരുയുഗമത്രയും കാര്‍ന്നുതിന്നു..
മരുഭൂപൊഴിക്കുന്ന കണ്ണുനീര്‍തുള്ളിപോല്‍-
എന്നോര്‍മ്മയെല്ലാം വരണ്ടിടുന്നു..
തുമ്പിയും തൂമ്പയും മാടി വിളിച്ചിടും
നിദ്രകള്‍ മാത്രമെന്‍ കൂട്ടിനായി...
ആരോ പാടുന്ന ദപ്പു പാട്ടിന്നീണം-
ഇന്നെന്‍ മിഴികള്‍ക്ക് താരാട്ടുമായ്....
ഇനിയെന്റെയച്ചനെ കണ്ടിടേണം...
പാടത്തിറങ്ങി കൊയ്തിടേണം....!
ഇക്കുറി പാടത്തെ കൊയ്ത്തിനായീ,
ഞാനുമെന്നച്ഛന്റെ കൂടെ വരും..
ചെറുമികള്‍ പാടുന്ന കൊയ്തുപാട്ടി-
ന്നീണത്തില്‍ പൊന്‍കതിര്‍ കൊയ്തെടെക്കും..




യന്ത്രങ്ങള്‍ വന്ന് കൊയ്യട്ടെ......!!!!!




മകനേ മറക്ക നീ -
നിന്നച്ഛനെ,
നിന്നച്ഛന്‍ നടന്നൊരാ വരമ്പിനെ,
നനവേറ്റ ചേറിനെ,
ചേറിലെ ഞണ്ടിനെ, മീനിനെ,
മറക്ക നീ-
മകനേ.. മറക്ക നീ...
വേനലിരമ്പം വന്ന രാവില്‍,
സര്‍വ്വതും മുങ്ങിയശേഷമായി..
നമ്മളു കൊയ്ത -
വയലുകളൊക്കെയും,
നമ്മുടേതാവാന്‍ മറന്നുപോയീ....
അച്ഛനൊഴുക്കിയ
വിയര്‍പ്പിനെ സൂര്യന്‍
ഒപ്പിയെടുത്തില്ലേല്‍,
പൊങ്ങിയേനേ...
ഇന്നാളുമത്രയും കണ്ടിട്ടില്ലാത്ത,
ഇതിലും വലിയൊരു പൊങ്ങന്‍ വെള്ളം,
ഇന്നതിന്‍ നോവായി,
അച്ഛന്റെയുള്ളിലിന്നോളം
പൊള്ളിയ കനലുണ്ട് പോല്‍...
കരിവാണ്ട തോളത്ത് കറ്റയേല്‍ക്കും മുമ്പ്-
ഉത്തരമച്ഛനെ താങ്ങി നിന്നു..
ചാണകം തഴുകിയാ
മുറ്റത്ത് കോണിലായ്,
പൂവാലി മാത്രം കരഞ്ഞു നിന്നൂ....
പിറ്റേന്ന് കൊടികളിറങ്ങി പലതായി,
കൊയ്ത്ത് പാട്ടും മുഴങ്ങി വീണ്ടും,
പാര്‍ട്ടിയും ബന്ദും തീര്‍ന്നിട്ട് കൊയ്യാ-
മെന്നവര്‍ പാടി പതിയെ മുങ്ങി..!!

മകനേ മറക്ക നീ
മറക്ക നീയെല്ലാം..
തുമ്പിയും തൂമ്പയും,
കുറീയരിക്കഞ്ഞിയും,
എല്ലാം മറന്ന് നീ-
പതിയെ മയങ്ങുക,
യന്ത്രങ്ങള്‍ വന്നിതും കൊയ്തിടട്ടെ......!!!!!



തിരികെ വിളിക്കുന്നു...


പിന്നിട്ടതെല്ലാം നൊമ്പരങ്ങള്‍...
വന്നണയുന്നതോ വെമ്പലുകള്‍...
ആരോരുമറിയാതെ,
കണ്ണീര്‍ കയങ്ങളില്‍,
ഊളിയിട്ടുഴലുന്നു-
ത്യാഗിയായ് നീ.....

കൂടില്ലാ കൂട്ടില്ലാ..
മരുമണല്‍ കാട്ടില്‍,
പാതിവയറിനായലയുന്നു നീ...
അവസാന നിശ്വാസം പോലും,
നീയറിയാതെ,
ഊട്ടുന്നയുച്ചകള്‍ അങ്ങക്കരെ....

വയലുകളെല്ലാം കൊയ്തെടുത്തൂ-
വീണ്ടും,
ഈന്തപ്പനകള്‍ കുലച്ചു വീണ്ടും,,,
കാവും കുളവും കാനനവുമിന്നും,
മാഞ്ഞിടുന്നല്ലേ...
പൊടിക്കാ‍റ്റു പോല്‍......

മുല്ലപെരിയാര്‍ - വരുംകാല ചിന്ത..


തമിഴനും മലയാളിയും തമ്മില്‍ തല്ലി,
ഒരിക്കല്‍ മുല്ലപെരിയാര്‍ പൊട്ടുകയാണെകില്‍, ശേഷം ചരിത്ര താളൂകളില്‍ വായിക്കപ്പെടുന്നത്.. എന്റെ ചിന്തയില്‍...


പാഠം ഒന്ന്,..
പാണനും കോതയും..
നീരൊക്കെ വറ്റി,
ഉയിര്‍ വറ്റും വരെ,
കമിതാക്കളായവര്‍..!!

അണ്ണനുമേട്ടനുമിടയിലെ,
വാക് പയറ്റിന്‍,
രക്തസാക്ഷികള്‍..

വിജനമാം കാനനം,
സ്വര്‍ഗ്ഗമാക്കിയോര്‍..
നാലു മുളംകുറ്റികളില്‍,
താജ്മഹല്‍ തീര്‍ത്തവര്‍.
അനന്തമാമോളങ്ങള്‍,
സ്നേഹാമൃതാക്കിയോര്‍..

പാണന്‍..??
ഒരു പിടിയരിയുമായ്,
കൂടണയാന്‍ വെമ്പി-
എല്ലുരുക്കുന്നു..!
മുന്‍ വഴി- പിന്‍ വഴി,
ശ്വസിക്കാനാവതെ,
തൂമ്പയേം, മണ്ണിനേം,
തോല്‍പ്പിച്ചവന്‍..

കോത..??
നിറമറ്റ മുടി കോതി,
യൌവ്വനമാക്കിയോള്‍..
അരവയറിന്‍ വിളിയിലും,
പാണനെയറിഞ്ഞവള്‍..!

കൊയ്ത്തു പാട്ടിന്‍,
ഈണത്താല്‍ -തന്‍
വയര്‍ നിറച്ചവള്‍..!!

പാഠം രണ്ടില്‍,
അവര്‍ മരിക്കുമോ..!!
ആവോ..??

മല കേറിയോരൊന്നും,
കണ്ടില്ലയവരെ..!
വെള്ളമെന്നുള്‍ഭയത്താല്‍..
കൈകോര്‍ത്തുറങ്ങുന്നു..!!
പാതിയുറക്കത്തിലും,
ഇണകൂടെയെന്നോര്‍ക്കുന്നു..

വാക്കുകള്‍ ബാക്കിയായ്-
വ്യവഹാരവും..
അണപൊട്ടി - ഒരുനാള്‍
ദൈവ രോഷമൊഴുകി..
പാണന്റെ താജും,
ഓര്‍മ്മയായ് മണ്ണില്‍..
സ്നേഹം വെച്ചൂറ്റിയ..
ഓട്ടക്കലങ്ങളും...

മൂന്നാം പക്കം - കണ്ടവര്‍
മൂക്കു പൊത്തി നിന്നു..
കൈകോര്‍ത്തഴുകിയ,
പാഴ് പിണങ്ങള്‍....!!!!!
മണ്ണോടു ചേര്‍ന്ന്,
മണ്ണാവുന്നു മെല്ലെ.....

ഒരു പുഷ്പത്തിന്റെ ആത്മഗദം....


റീത്തായും ചക്രമായും മണ്ണിലെറിയപ്പെടുന്ന, അതല്ലെങ്കില്‍ പ്രണയിനിക്കായ് സമര്‍പ്പിക്കപ്പെടുന്ന പുഷ്പത്തിന്റെ ആത്മനൊമ്പരമാണിവിടെ......





അരുത്,
എന്നെയറുക്കരുത്..
എന്നിതള്‍ പിച്ചരുത്,,

നീയെന്നെയറുത്ത്-നിന്‍
പ്രേയസിക്കായരര്‍പ്പിക്കും,
അവളെന്നെ ചുംബിച്ച്,
നിന്‍ കണ്‍കുളിര്‍പ്പിക്കും..
എന്‍ ഗന്ധം വറ്റി - ഞാന്‍
കറുക്കാനൊരുമ്പെട്ടാല്‍.
മണ്ണിലെറിഞ്ഞെന്നെ - യവള്‍
നിന്നില്‍ നിന്നകന്നിടും..

അരുത്...
എന്നെയറുക്കരുത്..
ഒരു റീത്തില്‍ കോര്‍ത്തെന്നെ,
ശവത്തിലെറിയരുത്,,
സുഗന്ധം പരത്തുമൊരു
വേളയെങ്കിലും,,,
ശവമായി ഞാനുമീ
അഗ്നിയിലമര്‍ന്നിടും

അരുത്
എന്നെയറുക്കരുത്,,
പടിഞ്ഞാറന്‍ കാടനെ,
പേടിച്ചരണ്ടിടും,
പൈതങ്ങളൊക്കെയും,
എന്മുഖം ദര്‍ശിച്ച്,
ഒരു നിമിഷമെങ്കിലും,
സായൂജ്യമടയട്ടെ...!!
മറ്റൊരു ചാവേറിനി,
വരുംവരെയത്രയും......





*കാടന്‍ - കാട്ടാളന്‍..

ചെന്തെരു കാണാതെ....



എന്‍ കവിളിലൊരു,
കണ്ണീരുമ്മതന്ന്,
പടിയിറങ്ങിപോയവനീ-
പെരുമഴയത്ത്...
തിരിഞ്ഞ് നോക്കുമാ-
ചെങ്കവിളിനാരോ,
“ചെന്തെരുവിന്‍ -
വ്യാജപട്ടയം നല്കി...!!

കണ്ണില്‍ മണ്ണിട്ട്,
കരണം മറിഞ്ഞവര്‍,
അന്യരായറപ്പോടെ
മാറിനിന്നു..

“‘എലിസ’“യും കൈവിട്ടിനി,
മരണം പുല്കാന്‍,
വിദ്യയെന്തിനെന്നോര്‍ത്തു
ഞാനും..
പുള്ളിക്കുട ചൂടില്ല,
കൊത്തം കല്ലാടില്ല
,നെല്ലിക്ക വിറ്റൊരു
പെന്‍സിലും വാങ്ങില്ല..
പനിവന്നുണങ്ങിയും,
വ്രണമായളിഞ്ഞും
പിണമായിത്തീര്‍ന്നിടുമവന്‍..

കാലം തെറ്റിയൊരു
പെരുമഴ പെയ്യുമ്പോള്‍
‍മൌനമായ് ചോദിക്കും..
“മറന്നുവോ.... എന്നെ....?“

*ചെന്തെരു- ചുവന്ന തെരുവ് (ബോംബെ)

ചിന്ത ഓണ്‍ലൈന്‍ മാഗസിന്‍ ഡിസംബര്‍ ലക്കം പ്രസിദ്ധീകരിച്ചു
http://www.chintha.com/node/2993

നിന്നെയും കാത്ത്..തനിയെ...


വേഴാമ്പലായ്,
കേഴുന്നു ഞാന്‍ – നിന്‍
പ്രണയത്തിന്‍,
തണലില്‍
ചാഞ്ഞുറങ്ങാന്‍
വേനലിന്‍ ബാഷ്പത്തില്‍
ഉരുകുന്നു ഞാന്‍ –നിന്‍
സ്നേഹാമ്ര് തത്തില്‍
ആറാടുവാന്‍…

ഉരിയാടാനറിയാതെ,
നിന്‍സുഖ കാവ്യങ്ങള്‍
തനിയെ മറിയുന്നു
താളുകകളായ്….
കാലത്താല്‍ മായുന്ന
പ്രണയാക്ഷരങ്ങള്‍
ചൊല്ലിപ്പഠിപ്പിക്കാനെന്നെത്തും നീ…..

പതിയെ വിരിയുന്ന
പനിനീരായ് നിന്‍ മുഖം
നിത്യ വസന്തമാണെന്റെ നെഞ്ചില്‍…
ഇടവഴിതോറും
നിന്‍പാദമുദ്രകള്‍,
തിരയുന്നുഞാനുമിന്നേകാകിയായ്……..

വടകര നായ പറഞ്ഞത്.....


അരിയുടെ വില
കൂടും...കുറയും,
ഏമാനതൊരിക്കലും,
വാങ്ങാതിരിക്കില്ല -
തിന്നാതിരിക്കില്ല..!!

ബാക്കിവന്നത് പി-
ന്നെച്ചിലാവും..
അതു നക്കി ഞാനും
ഇങ്ങനെ കൂടും
വരും കാലമത്രയും.....








*വടകര ഒരു നായ പറഞ്ഞതാണത്രെ ഇത്..
വടകരക്കാര്‍ ദയവായി ക്ഷമിക്ക....


ഉപ്പയുടെ ഭാഷയില്‍ ഞാന്‍ “കുതര ബ്ട്ട്” നടക്കുന്ന കാലത്ത് സ്ഥിരമായി ഉപമിക്കാറുള്ളത് ഈ വാക്കുകള്‍ കൊണ്ടായിരുന്നു....ഇന്നിന്റെ തലമുറ ഇതുതന്നെയാണെന്ന് പിന്നീട് പലപ്പോഴും ആലോചിച്ചിട്ടുണ്ട്..

മാറാട്ടില്‍ ഒരു സന്ധ്യ...


പഴകിപ്പിഞ്ഞിയ
കൈലിയുടുത്ത്,
തേച്ചൂ വെളുത്തൊരു
ചരടു കടിച്ച്,
അനുരാഗ ചാകരയായ്
നാണം കുണുങ്ങി,
അരയന്റെ വരവും
കാത്തിരുന്നവള്‍

ചാളതന്‍ വാസന
വിയര്‍പ്പിലലിഞ്ഞവര്‍
ഒന്നായി തീര്‍ന്നൊരു
സന്ധ്യാ നേരം
നാലായി പിടഞ്ഞീ
മണപ്പുറത്ത്,
തിരയേറ്റ് വെയിലേറ്റ്
നനഞ്ഞുണങ്ങി,,

ഇന്നുമീ സന്ധ്യ തന്‍
വശ്യമാം ചോപ്പിലും
നിഴല്‍ വീഴ്ത്തി പാറും
ശവം തീനി പറവകള്‍..
തിരയുന്നതെന്തെ-
ന്നറിയില്ലെനിക്ക്
സൂതയോ.... മത്തിയോ
അരയന്റെ നിണമോ...???

കോടിപതി


കൊളേജ് ബസ്സിനുള്ളൊരു-
രൂപ കിട്ടാന്‍‍,
ഉപ്പ അന്നേല്‍പ്പിച്ചതാ.
കടക്കാരന്‍ ചേക്കൂനെ..

“പണമില്ലെങ്കിലെന്തിന്,
തോളിലൊരു ബാഗും,
ഇന്‍സൈഡുമായി,
വേഷം കെട്ടണം..??”
ഇന്നുമൊരു പ്രതികാരമായിട്ടാ..
കുബേരന്റെ ചോദ്യം‍
കനലായെരിയുന്നുള്ളില്‍..
ഒപ്പം,
അപമാനിതനായെന്‍
ഉപ്പയുടെ മുഖവും..

കാലങ്ങള്‍ കഴിഞ്ഞിന്നലെ,
ഒമ്പതു രൂപക്കൊരു കിലോ-
കപ്പലണ്ടി വാങ്ങി,
ബാക്കിയിരിക്കട്ടെന്ന്
പറയാന്‍..
കണ്ണീരായുറ്റിയ-
അമര്‍ഷമെന്നെ,
അനുവദിച്ചില്ല....!!!

ബാല്യം


പെറ്റുവീണന്നു മുതല്‍
കരഞ്ഞ്,
ചിരിച്ച്,
അമ്മതന്‍ ലാളനയില്‍ കൊഞ്ചി,
പരുക്കന്‍ വാദ്യാരെ,
ചൂരലടി വാങ്ങി,
കാതിനും കൈക്കും തന്ന
ചെഞ്ചന്ദ്രികയിലൂതി,
പിന്നെന്നോ..അമ്പലം തോറും,
നീലനായ് -പമ്മി
രാധകളേം കാത്ത്,
ശേഷമൊരുത്തിയെ
മിന്നുകെട്ടി,
അവള്‍ക്കൊരു “പെമ്പര്‍ന്നോനായ്”
അവളുടെമോന്റച്ഛനായി,
അപ്പൂപ്പനായിങ്ങനെ
ജീവിച്ചുതീര്‍ക്കുമ്പോഴും,
നഷ്ടമായെന്ന് തോന്നുന്നു,
എന്റെ ബാല്യം-
വള്ളീ നിക്കറീട്ട്-
മൂക്ക് കൈതന്ണ്ടയിലൂടൂരച്ച്,
തെച്ചിപഴമറുത്ത്
ഉണ്ണിമാങ്ങയുമുണ്ണിതട്ടയും തിന്ന്,
കറപറ്റിയ കാലം...
നിലാവിലെന്നും,
തോളിലിട്ടുറക്കാന്‍ മൂളിയ -
രാരീരവും...
എന്‍പ്രിയ അച്ഛ്നും....






ഉണ്ണിതട്ട- വാഴയുടെ പൂവ്

ഹംസഗീതം


ഇനിയധികം
കാലമില്ലെന്നു-
റപ്പയതാവാം..
ഹംസഗീതം പാടുന്നത് വെറുതെ..

അന്നോളം പാടിയ
അപസ്വരങ്ങളും,
തിന്നൊടൊക്കിയ മീനുകള്‍,
ചെയ്തുകൂട്ടിയക്രമങ്ങള്‍,
അരികിലെത്തിയപ്പോള്‍
കാലില്‍ കൊത്തി
മുറിവേല്‍പ്പിച്ചതുമെല്ലാം
മറന്ന്,
മധുരമാം ശ്രുതി മാത്രം
വര്‍ണ്ണിച്ച്,
വഴ്തപെട്ടവളാ‍ക്കി-
ലോകമവളെ..!!!

ഇന്നിന്റെ നേതാവും,
ബുദ്ധിജീവിയും
തഥൈവ:...!!!

ഫോട്ടോഷോപ്പ്..

മൂന്നാം പക്കവും കഴിഞ്ഞു..
മടക്കമായോരോരുത്തരും..!!

ഇനിയീ കോലായില്‍,
അഛന്റെയൊരു പടം തൂങ്ങണം...
മൂവന്തിയിലെന്നും,
തിരി തെളിയിക്കാന്‍...

കല്യാണ ഫോട്ടോയില്‍,
മുടി വെളുത്തിട്ടില്ലാത്ത-
കട്ടിമീശയുമായൊരു - ചുള്ളന്‍
പയ്യനാണഛന്‍...

സപ്തതിയിലഛന്,
പല്ലില്ല,-
മുടിമുക്കാലുമില്ല..!!
വാടിക്കരിഞ്ഞടുക്കുകളായ
വയസ്സന്‍ മുഖം....!!

“അയ്യേ..!!
ഇതിവിടെ വെക്കാന്‍,
നാണക്കേടും”....

കമ്പ്യൂട്ടറില്‍,
ഫോട്ടോഷോപ്പിലിട്ടൊന്ന്,
വെളുപ്പിച്ച്,
മുടീവെച്ച്,
മിനുക്കിയെടുത്തപ്പോള്‍,
“കൊള്ളാം....
തന്റേടീയായി പറയാം,
“ഇതാണെന്റെയഛന്‍...”

സന്ധ്യക്കു ദീപം കൊളുത്തി,
തൊഴുകയ്യാലമ്മ..
ഒന്നു വണങ്ങി-
പിന്നെ അന്തിച്ചുരുവിടുന്നു,,
സഹതാപിയായ്..
“ഇതെന്‍ കെട്ട്യോനോ..??
എന്‍ പിള്ളേരഛ്നോ...ഈശ്വരാ‍..

അമ്മക്കു പിന്നിലായ് ഞാനും,
ഡാര്‍വിനൊരു പിന്‍ഗാമിയായ്
തലകുനിച്ച്
തെല്ലൊരഹങ്കാരിയായ്.....!!!

നല്ല നാളേക്കായ്.....


സ്നേഹം വിതച്ചിടാം
നന്മകള്‍ കൊയ്തിടാം,
കാലമിതത്രയും ചിങ്ങമാക്കാം,
ഒരുനൂറാശയാല്‍ ചിറകുവിരിക്കാം,
നല്ലൊരു നാളയെ കാതോര്‍ത്തിടാം....




അമ്മയെന്നാദ്യം പഠിപ്പിച്ച അഛ്ചനും,
നെറ്റിയില്‍ ചുംബന കുറിതൊട്ടൊരമ്മയും,
ചൊല്ലിപ്പഠിപ്പിച്ച ശ്ലോകങ്ങളെന്നുമെന്‍
ഉള്ളിന്റെയുള്ളില്‍ നിറഞ്ഞിടുന്നു...


കഥകള്‍ പറഞ്ഞന്നുറക്കിയ മുത്തശ്ശി,
മാനത്തിരുന്ന് വടിയെടുത്തു,
ശാസിച്ചിടുന്നതും കേട്ടുണര്‍ന്നു ഞാന്‍,
പിന്നിട്ട വഴിയെ മറന്നിടാതെ....



‘ചിരട്ടവയലിന്‍‘ എന്ന ടെലി ഫിലിമിനു വേണ്ടി മുഹ്സിന്‍ അലി കുരിക്കള്‍ സംഗീതം നല്‍കി..സുഹ്രുത്ത് റസീസ് അഹമ്മദും സംഘവും ശബ്ദം നല്‍കി..

മെട്രൊ ഓണം


ഓണമായെങ്ങും,
ചാനലില്‍....!!
കറിക്കൂട്ടുകമ്പനികള്‍ക്ക്..!!.
മൊത്ത വില്പനക്കാര്‍ക്കും...
ആര്‍ക്കൊപ്പമെന്നറിയില്ല,
ആഘോഷിക്കും, ഞാനും...
പണ്ടുണ്ടൊരു സദ്യയുടെ
പുളിചു തേട്ടുമോര്‍മ്മയില്‍...
വരികള്‍ മറന്നെങിലും,
പുത്തനീണത്തില്‍,
ബോറടിപ്പിക്കും,
പൂവേ... പൊലി കേള്‍ക്കും..
സ്വര്‍ണ്ണകിരീടമണിഞ്ഞ്,
കൊമ്പത്തിരിക്കും,
മാവേലിയെ കണ്ട്,
സായൂജ്യമടയും..!!
തുമ്പക്കും, മുക്കുറ്റിക്കും പകരമായ്,
വെള്ളം തളിച്ച, ഒരിക്കലും വാടാ-,
തമിഴ് ജമന്തി വാ‍ങ്ങും...
സ്റ്റോക്ക് തീര്‍ന്നെങ്കില്‍,
ഉപ്പില്‍ ചായം ചാലിച്ച്,
ഫ്ലാറ്റിലെ ടൈത്സില്‍ നിരത്തും....
കീറാത്ത - കറയുറ്റാത്ത,
ഇലയിലൊരു സദ്യയും..!!
കൂട്ടുകാര്‍ക്കാഞ്ചെട്ട്...
എം എം എസ്സയക്കും...
പായസക്കൂട്ടിനെ പഴിച്ച്
നീട്ടിയൊരേമ്പക്കം വിട്ട്
തിയെറ്ററിലിരുന്ന്,
അലിഭായിയെ കൂക്കി വിളിക്കും...

പുതുമ..


പൂവിന്‍ മധു നുകര്‍ന്ന്
കാര്‍വണ്ട്,
അക്കരെ കാണ്ടൊരു
ചോലയില്‍ മുങ്ങി
തിരിയെ വന്നപ്പോള്‍,
സുന്ദരന്‍ ശലഭം,
തന്‍ പൂവിലുമ്മവെച്ച്,
വിറയാര്‍ന്ന
ചിറകുകള-
ടക്കാന്‍ ശ്രമിച്ച്,
രതിയാസ്വദിക്കുന്നു,,.....!!
ഒരു ഏങ്ങലായുറ്റിയ
മിഴിനീര്‍ തുടച്ച്,
മറ്റൊരു സുന്ദരിപ്പൂ-
വിരിയുമെന്നാശിച്ച്,
കരിവണ്ട് - വീണ്ടും
തിരികെ പറന്നത്,
മൌനിയായ്,
സ്ത:ബ്ദനായ്
നോക്കിനിന്നുഞാന്‍.........

ആപേക്ഷികം

"ഒരിടം
നില്‍ക്കാനുണ്ടായാല്‍..
ഈ കാണും ഭൂമിയെ
അട്ടിമറിച്ചേനെ - ഞാന്‍"
ആര്‍ക്കമഡീസ്-
പറഞ്ഞതോര്‍ക്കുന്നു ഞാന്‍....
ഇറാഖില്‍ പിറന്നകുഞ്ഞ്
വാവിട്ടതില്
‍പ്രാര്‍ഥിച്ചു - ഞാന്‍"
ആര്‍ക്കമഡീസിന്‍
ബുദ്ധിയും ശൌര്യവും
നല്‍കല്ലെ ദൈവമെ...
ബുഷിന്റെ തലയില്‍"....!!!!!!



ഒരു രാത്രിനീ
കൂട്ടിക്കുറിച്ചുണ്ടാക്കിയ-
അക്ഷരതുണ്ടിനാല്
‍ലോകം കരിയുന്നു
പിന്നെചാരമാവുന്നു
അവരുതിര്‍ത്ത കണ്ണീരും...
ബാഷ്പമാവുന്നു...

ആല്‍ബര്‍ട്ട്...
നീ അറിയുക-
സൃഷ്ടിപ്പിന്‍ വേദനയിലുമപ്പുറം
വേര്‍പാടിന്‍
തീരാ വേദന.....!!!




ചിന്ത ഓണ്‍ലൈന്‍ മാഗസിനിന്‍ ഓഗസ്റ്റ് ലക്കം പ്രസിദ്ധീകരിച്ചു..
http://www.chintha.com/node/2879