പോയ് വരാം


ഉറങ്ങാതിരിന്നു ഞാനിന്നലെയും,
കരിഞ്ഞുണങ്ങാറായ
മാവിനു കാവലായ്..
ശിഖിരം മറഞ്ഞമ്പിളി
മൂകനായ് നോക്കി,
ഉമ്മറത്തെ,
കറപറ്റിയ ചാരു കസേരയും,
വയസ്സനായുറുമ്പരിച്ച നീളന്‍
കാലന്‍ കുടയുമെന്നെ
പരിഹസിക്കുന്നു- വെറുപ്പോടെ
സങ്കടമടക്കിയെന്നപോല്‍....

മണല്‍ കാട്ടിലുറങ്ങിയ രാത്രികളില്‍,
എന്‍ കനവിന്നുയിരെന്നച്‌ഛനായിരുന്നു,
ഈ മാവിന്‍ തേന്‍പഴങ്ങളായിരുന്നു,
മുത്തശ്ശിയുടെ,
പല്ലില്ലാത്ത മോണയായിരുന്നു..

ഞാനുമീ മാവും,
സമപ്രായമാണ്..
ബാര്‍ട്ടറില്‍ തമ്പ്രാന്‍ തന്നതാണന്നിത്
വലിയൊരിളവനു പകരമായ്...

അന്നച്‌ഛന്‍ പറഞ്ഞ കഥയില്‍,
വിയര്‍പ്പാണ് സാഹിത്യം
പാടത്തെ വെയിലിന്‍,
ശൌര്യമാണലങ്കാരം
കോമയും കുത്തുമില്ലാതെ
നീണ്ടു പോകുന്ന കഥയായിരുന്നത്...

ഖുബൂസിന്റെ രുചിയെ
പഴിച്ചിടുമ്പോഴാണ്
"ഇന്നലെയെന്‍ നെഞ്ചിലെ....." പാടി
ഫോണ്‍ കരഞ്ഞത്..
പിന്നെ ഒന്നുറക്കെ
പൊട്ടിക്കരയാതിരിക്കാന്‍..
ദുര്‍ബലനായിരുന്നു ഞാനത്രമാത്രം....

ഇനിയൊരു തിരിച്ച് പോക്കിന്
നേരമില്ലെന്നറിയാം
എന് ഹൃദയ രാഗത്തിന്‍
ശ്രുതി ചേരില്ലെന്നറിയാം..
എങ്കിലും
മനസ്സിന്‍ വീണയില്‍..
ശ്രുതിമെല്ലെ ചേരുവാന്‍
കടലക്കരെ നീന്തണമിനിയുള്ള കാലം

നാളെ
അച്‌ഛന്റെയാത്മാവ്
തേടിയലയുന്നതിനു മുന്‍ പെ
യാത്രയാവുന്നു...
ഞാനും...
നിന്നെ സാക്ഷിയാക്കി...


തുഷാരം മാഗസിന്‍ ജുലൈ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.
http://www.thusharam.com/article.asp?artId=117

യാത്ര


അന്നൊരു
മഞ്ഞുള്ള പ്രഭാതത്തിലാണ്
ജീവിതാര്‍ഥങ്ങളുടെ ഭാണ്ഡവുമായ്
വ്ര്ദ്ധന്‍ -
ഈ മരച്ചുവട്ടില്‍ വന്ന്,
മെല്ലെയെന്‍ മനസ്സില്‍,
ചേക്കേറിയത്,
വിരഹം, ചതി,ഏകാന്തം
അനുഭവങ്ങളെറെയാണെന്നെന്നെ
പറഞ്ഞുക്കെള്‍പിച്ചയാള്‍
പാല്‍തന്ന കാലത്തെ,
പച്ചപുല്ലൂണും-
പാല്‍ വറ്റി -പിന്നെ
ഒരു കൊടി വൈകോലിനായലഞ്ഞതും
ഒരു ചെറു പുഞ്ചിരിയിലൊതൊക്കി,
വ്ര്ദ്ധന്‍-
പഴം പുരാണത്തിന്‍ കെട്ടഴിച്ചെനിക്കായ്...

യൌവനം വെടിഞ്ഞ്
പ്രവാസിയായ് പിന്നെ
ഊരുതെനണ്ടിയായ്..
ഒടുവില്‍,
കൂടുവിട്ടേകിയായ്,
കൂട്ടിനാരൊക്കെയുണ്ടായിട്ടും....

ഹരിതാഭയായ് തണല്‍നല്‍കി
മഞ്ഞയായ് പൊഴിഞ്ഞ്
കാലടീകളിലമര്‍ന്ന്
ചക്രശ്വാസം വലിക്കുന്നിയാള്‍...

കാലത്തിന്‍
ഭിന്നമുഖങ്ങളില്‍ വഞ്ചിതനായ്
നിസ്സഹായതതന്‍,
മേലങ്കിയണിഞ്ഞ്
ആ മിക്ഴികളെന്നെ നോക്കി,
മൌനമായ് വാചാലമാവുമെന്നും

വരിഞ്ഞുണങ്ങിയ തൊലികള്‍,
തീരാപ്രവാസത്തിന്‍,
ഛായമുണങ്ങാത്ത
കാന്‍വാസാണിന്നും...

x x x x x x x x

ആ വ്ര് ദ്ധന്‍
ഇവിടെ വന്നു ഇന്നും...
എന്നെ നോക്കിയൊരുപാട് കരഞ്ഞു
പിന്നെ ഉണങ്ങിയൊടുങ്ങാറായ,
ചീനിമരത്തിന്‍
ഓട്ടത്തണലില്‍
പതിയെ മയങ്ങി..
പുളിച്ചുനാറുന്ന ഭാണ്ഡത്തില്‍
മുടികൊഴിഞ്ഞ തലചായ്ച്,
അഴുക്ക് മെഴുപ്പാക്കി,
പാതി നഗ്നനായ്..

ഇനിയൊരുദയം കാക്കാതെ,
ആരാലുമുണര്‍തപ്പെടാതെ,
എന്‍ കൈകള്‍ കൂട്ടിപ്പിടിച്ച്,
പതിയെ... മൌനിയായ്....