അമ്മ തല്ലുന്നത്

"അമ്മയെന്തിന്
നിങ്ങളെ തല്ലി"
മൂന്നു വാക്യത്തില്‍
ഉത്തരമെഴുതണം..

ബീരാനെഴുതി.
"ബാപ്പ വീട്ടില്‍ ബരുമ്പോ-ഞാന്‍,
നീച്ച് നില്‍ക്കാഞ്ഞതിന്..
കഞ്ഞിപാത്രം
തൊടൂക്കെറിഞ്ഞതിന്
സുബൈക്ക് നീച്ച്
നിസ്കരിക്കാത്തതിന്.."

പത്താം ക്ലാസ്സിലെ
സുനു എഴുതി,
"മഞ്ഞ പെന്‍സില്‍ മുറിച്ച്
പാതി പാറുവിനു നല്‍കിയതിന്
രാവിലെ
ഹോര്‍ലിക്സ് കുടീക്കാത്തതിന്
സ്കൂള്‍വിട്ട് വീട്ടിലോട്ട്
മഴയത്തൂടോടിയതിന്..."

എല്‍ കെ ജി യിലെ
പിങ്കുമോന്‍
കണ്ണു നിറച്ച്
മെല്ലെ പറഞ്ഞു,,
"തല്ലാനെനിക്ക് അമ്മയില്ലല്ലോ..
മമ്മിയാ തല്ലുന്നെ,
സീരിയല്‍ കാണുമ്പോ
"മമ്മീ"ന്ന് വിളിച്ചാ...."

കോങ്കണ്ണ്

എന്റെ കണ്ണുകള്‍ക്ക്,
രൂപമൊന്നായിട്ടും,
ദിശ രണ്ടാണ്.
വലത്തേത് നേരെയെങ്കില്‍,
ഇടത്തേത് ഇടത്തോട്ട്-
ഒരല്‍പം ചെരിഞ്ഞ്..!!
വലതുകണ്ടതധികവും,
ഇടത് കണ്ടില്ല,
തിരിച്ചും..

മുന്തിയ കണ്ണട വെച്ചിട്ടും
ഫലമൊന്നുമില്ല !
പ്രായമായ ചിലരെങ്കിലും
പറഞ്ഞു - നേരെയാവും
ഒന്നു തോണ്ടിയാല്‍..

ഇനിയായിട്ട് വേണ്ടെന്ന്
ഞാനും കരുതി.
ഇങ്ങനെയങ്ങ് തീരട്ടെ,
രണ്ടും രണ്ടായി തന്നെ..