താക്കോല്‍


കാമദാഹത്താ-‍
ലാര്‍ത്തനാദം മുഴക്കി,
അവനവളെ പുല്‍കി‍,
നിമിഷം കൊണ്ടവളുടെ,
പേറെടുത്ത് പലര്‍ക്കായ്...
എന്നിട്ടുമിന്നും,
സ്വന്തമെന്നു പറയാന്‍,
മറ്റൊന്നുമില്ലാതെ,
ചെറിയൊരു ചരടില്‍,
തൂങ്ങികിടക്കുന്നു,
ചുവരില്‍,
മറ്റൊരങ്കത്തിന്,
തക്കം പാര്‍ത്ത്..!

നീല കളറുള്ള പേന.


കന്നിപ്രസവത്തില്‍,
സ്നേഹാക്ഷരങ്ങള്‍...
തുടര്‍ന്നൊരുപാട്,
കനവുകള്‍... നിനവുകള്‍...
പിന്നീടൊക്കെയും,
പരാതികള്‍...
വൈകല്യം തീണ്ടിയ
കണ്ണീര്‍ പൂക്കള്‍...
അവസാന സന്തതിയായൊരു
ചരമക്കുറിപ്പും...!
നീല കളറുള്ളയെന്‍ -
പേന വീണ്ടും..
അനാഥയാവുന്നു -
നീകാരണം........‍....

അറിയില്ല..!


നിന്നെങ്ങനെ-
അറിഞ്ഞു ഞാന്‍...??
അറിയില്ല..!
പിന്നെങ്ങനെ-
അടുത്തു നാം..??
അറിയില്ല..!
നിനക്കായ് ഞാനും,
എനിക്കായ് നീയും
കരഞ്ഞുവോ..??
അറിയില്ല..!
നിന്‍ സാമീപ്യം ഞാനും,
എന്നെ നീയും,
ആശിപ്പോ ഇന്ന്..?
അറിയില്ല..!
ഇനിയിവയ്ക്കുത്തരം കാണാതെ,,
വീണ്ടുമെങ്ങനെ നാമൊന്നിക്കും?
അക്കരെയിക്കരെ വ്ര്`ഥാ-
അലയുകയല്ലാതെ..

ചില്ലു കൊട്ടാരം...

ആ‍ര്‍പ്പോ .. ഹീറോ...!!!1
ഞങ്ങളുടെ കലാലയത്തിനും,
യു ജി സി ഫണ്ട്....!!
കാമ്പസിനൊരഴകായി
കാന്റീനും കക്കൂസും..


ആദ്യോല്‍ഘാടനം-
കക്കൂസിനായിരുന്നു...
ചിലര്‍ സാധകം ചെയ്തു...
ചിലര്‍ ബെല്‍റ്റ് തിരൂകി-
ഹാവൂ...!!!!!!! മൊഴിഞ്ഞ്
പുറത്തു വന്നാഹ്ലാദരായ്....


കമ്മീഷന്‍ വന്നു-
“ഇന്റീരിയര്‍ ഇന്‍സ്പെക്ഷന്‍..?????
കണ്ണാടി ചില്ലുപോലെല്ലാം....
നഗ്ന ചുമരുകള്‍ -
രവിവര്‍മ്മ ചിത്രാലങ്കാരങ്ങള്‍...!!

നാളെയുടെ സാങ്കേതികതക്കവര്‍
‘എ ഗ്രേഡ് ‘ നല്‍കി.....

നദി


അന്ന്
കാട്ടില്‍ ഞാനേക,
മധുരപതിനേഴിന്‍,
ശാലീന- കന്യക.

ഇന്ന്
ഒരാര്‍ത്തിയാല്‍
നഗരം പുല്‍കി
പലരും, തൊട്ട് - തലോടി,
ഞാനും , ..............
ഇനി
ഈ വിയര്‍പ്പും,
ഉപ്പും,
പകലെന്തിയോളമിരമ്പവും,
തെല്ല് പരിഭവമെന്തിന് ?
നഗരമല്ലേ....

ഇക്കുറി കൊയ്ത്തിനായ്...


ഇക്കുറി പാടത്തെ കൊയ്ത്തിനായീ,
ഞാനുമെന്നച്ഛന്റെ കൂടെ വരും..
ചെറുമികള്‍ പാടുന്ന കൊയ്തുപാട്ടി-
ന്നീണത്തില്‍ പൊന്‍കതിര്‍ കൊയ്തെടെക്കും..
പാടത്തെ ചേറില്‍ മലക്കം മറിഞ്ഞൊന്ന്,
തിത്തകം തയ്യകം ആര്‍ത്തിടേണം,
അങ്ങേകരയിലെ കാര്‍ത്യാനിയമ്മേടെ,
കുറിയരികഞ്ഞികുടിച്ചീടണം...
ഇക്കുറിപാടത്തെ കൊയ്ത്തിനായീ-
ഞാ‍നുമെന്നച്ഛന്റെ കൂടെ വരും....
വാനിന്റെ തൂണുപോലംബരചുംബികള്‍,
ഒരുയുഗമത്രയും കാര്‍ന്നുതിന്നു..
മരുഭൂപൊഴിക്കുന്ന കണ്ണുനീര്‍തുള്ളിപോല്‍-
എന്നോര്‍മ്മയെല്ലാം വരണ്ടിടുന്നു..
തുമ്പിയും തൂമ്പയും മാടി വിളിച്ചിടും
നിദ്രകള്‍ മാത്രമെന്‍ കൂട്ടിനായി...
ആരോ പാടുന്ന ദപ്പു പാട്ടിന്നീണം-
ഇന്നെന്‍ മിഴികള്‍ക്ക് താരാട്ടുമായ്....
ഇനിയെന്റെയച്ചനെ കണ്ടിടേണം...
പാടത്തിറങ്ങി കൊയ്തിടേണം....!
ഇക്കുറി പാടത്തെ കൊയ്ത്തിനായീ,
ഞാനുമെന്നച്ഛന്റെ കൂടെ വരും..
ചെറുമികള്‍ പാടുന്ന കൊയ്തുപാട്ടി-
ന്നീണത്തില്‍ പൊന്‍കതിര്‍ കൊയ്തെടെക്കും..
യന്ത്രങ്ങള്‍ വന്ന് കൊയ്യട്ടെ......!!!!!
മകനേ മറക്ക നീ -
നിന്നച്ഛനെ,
നിന്നച്ഛന്‍ നടന്നൊരാ വരമ്പിനെ,
നനവേറ്റ ചേറിനെ,
ചേറിലെ ഞണ്ടിനെ, മീനിനെ,
മറക്ക നീ-
മകനേ.. മറക്ക നീ...
വേനലിരമ്പം വന്ന രാവില്‍,
സര്‍വ്വതും മുങ്ങിയശേഷമായി..
നമ്മളു കൊയ്ത -
വയലുകളൊക്കെയും,
നമ്മുടേതാവാന്‍ മറന്നുപോയീ....
അച്ഛനൊഴുക്കിയ
വിയര്‍പ്പിനെ സൂര്യന്‍
ഒപ്പിയെടുത്തില്ലേല്‍,
പൊങ്ങിയേനേ...
ഇന്നാളുമത്രയും കണ്ടിട്ടില്ലാത്ത,
ഇതിലും വലിയൊരു പൊങ്ങന്‍ വെള്ളം,
ഇന്നതിന്‍ നോവായി,
അച്ഛന്റെയുള്ളിലിന്നോളം
പൊള്ളിയ കനലുണ്ട് പോല്‍...
കരിവാണ്ട തോളത്ത് കറ്റയേല്‍ക്കും മുമ്പ്-
ഉത്തരമച്ഛനെ താങ്ങി നിന്നു..
ചാണകം തഴുകിയാ
മുറ്റത്ത് കോണിലായ്,
പൂവാലി മാത്രം കരഞ്ഞു നിന്നൂ....
പിറ്റേന്ന് കൊടികളിറങ്ങി പലതായി,
കൊയ്ത്ത് പാട്ടും മുഴങ്ങി വീണ്ടും,
പാര്‍ട്ടിയും ബന്ദും തീര്‍ന്നിട്ട് കൊയ്യാ-
മെന്നവര്‍ പാടി പതിയെ മുങ്ങി..!!

മകനേ മറക്ക നീ
മറക്ക നീയെല്ലാം..
തുമ്പിയും തൂമ്പയും,
കുറീയരിക്കഞ്ഞിയും,
എല്ലാം മറന്ന് നീ-
പതിയെ മയങ്ങുക,
യന്ത്രങ്ങള്‍ വന്നിതും കൊയ്തിടട്ടെ......!!!!!തിരികെ വിളിക്കുന്നു...


പിന്നിട്ടതെല്ലാം നൊമ്പരങ്ങള്‍...
വന്നണയുന്നതോ വെമ്പലുകള്‍...
ആരോരുമറിയാതെ,
കണ്ണീര്‍ കയങ്ങളില്‍,
ഊളിയിട്ടുഴലുന്നു-
ത്യാഗിയായ് നീ.....

കൂടില്ലാ കൂട്ടില്ലാ..
മരുമണല്‍ കാട്ടില്‍,
പാതിവയറിനായലയുന്നു നീ...
അവസാന നിശ്വാസം പോലും,
നീയറിയാതെ,
ഊട്ടുന്നയുച്ചകള്‍ അങ്ങക്കരെ....

വയലുകളെല്ലാം കൊയ്തെടുത്തൂ-
വീണ്ടും,
ഈന്തപ്പനകള്‍ കുലച്ചു വീണ്ടും,,,
കാവും കുളവും കാനനവുമിന്നും,
മാഞ്ഞിടുന്നല്ലേ...
പൊടിക്കാ‍റ്റു പോല്‍......

മുല്ലപെരിയാര്‍ - വരുംകാല ചിന്ത..


തമിഴനും മലയാളിയും തമ്മില്‍ തല്ലി,
ഒരിക്കല്‍ മുല്ലപെരിയാര്‍ പൊട്ടുകയാണെകില്‍, ശേഷം ചരിത്ര താളൂകളില്‍ വായിക്കപ്പെടുന്നത്.. എന്റെ ചിന്തയില്‍...


പാഠം ഒന്ന്,..
പാണനും കോതയും..
നീരൊക്കെ വറ്റി,
ഉയിര്‍ വറ്റും വരെ,
കമിതാക്കളായവര്‍..!!

അണ്ണനുമേട്ടനുമിടയിലെ,
വാക് പയറ്റിന്‍,
രക്തസാക്ഷികള്‍..

വിജനമാം കാനനം,
സ്വര്‍ഗ്ഗമാക്കിയോര്‍..
നാലു മുളംകുറ്റികളില്‍,
താജ്മഹല്‍ തീര്‍ത്തവര്‍.
അനന്തമാമോളങ്ങള്‍,
സ്നേഹാമൃതാക്കിയോര്‍..

പാണന്‍..??
ഒരു പിടിയരിയുമായ്,
കൂടണയാന്‍ വെമ്പി-
എല്ലുരുക്കുന്നു..!
മുന്‍ വഴി- പിന്‍ വഴി,
ശ്വസിക്കാനാവതെ,
തൂമ്പയേം, മണ്ണിനേം,
തോല്‍പ്പിച്ചവന്‍..

കോത..??
നിറമറ്റ മുടി കോതി,
യൌവ്വനമാക്കിയോള്‍..
അരവയറിന്‍ വിളിയിലും,
പാണനെയറിഞ്ഞവള്‍..!

കൊയ്ത്തു പാട്ടിന്‍,
ഈണത്താല്‍ -തന്‍
വയര്‍ നിറച്ചവള്‍..!!

പാഠം രണ്ടില്‍,
അവര്‍ മരിക്കുമോ..!!
ആവോ..??

മല കേറിയോരൊന്നും,
കണ്ടില്ലയവരെ..!
വെള്ളമെന്നുള്‍ഭയത്താല്‍..
കൈകോര്‍ത്തുറങ്ങുന്നു..!!
പാതിയുറക്കത്തിലും,
ഇണകൂടെയെന്നോര്‍ക്കുന്നു..

വാക്കുകള്‍ ബാക്കിയായ്-
വ്യവഹാരവും..
അണപൊട്ടി - ഒരുനാള്‍
ദൈവ രോഷമൊഴുകി..
പാണന്റെ താജും,
ഓര്‍മ്മയായ് മണ്ണില്‍..
സ്നേഹം വെച്ചൂറ്റിയ..
ഓട്ടക്കലങ്ങളും...

മൂന്നാം പക്കം - കണ്ടവര്‍
മൂക്കു പൊത്തി നിന്നു..
കൈകോര്‍ത്തഴുകിയ,
പാഴ് പിണങ്ങള്‍....!!!!!
മണ്ണോടു ചേര്‍ന്ന്,
മണ്ണാവുന്നു മെല്ലെ.....