ജേണലിസ്റ്റ്

തലയിലുള്ളത്
കാല്‍ക്കല്‍ സമര്‍പ്പിച്ച്
കഴുത്തിലിട്ട
'ഞാനി'ല്‍
സ്വയം നഷ്ടപ്പെടുന്നവന്‍..
കണ്ടത് മറന്ന്,
കേട്ടതിനു പിന്നാലെ
ഓടി തളര്‍ന്നവന്‍...

ബെഡ് സ്പെയ്സ്

ബെഡ് സ്പെയ്സ്
നാപ്പത് സെന്റില്‍
ഇരുനില വീടുള്ള
നാല്പത്കാരനും
ഇരവിലിരുന്ന്
കണ്ണീര്‍ പൊഴിക്കാന്‍
നാന്നൂറു ദിര്‍ഹമിനൊരു
ഇരുള്‍കൂട്..

നിര്‍ഭയം

നിര്‍ഭയനായിരുന്നേല്‍
ഞാന്‍,
"മൂകത"യെ പ്രണയിക്കും
മന്‍സ്സിലെ
ദു:ഖവും
സ്വപ്നവും
പങ്കുവെച്ച്
അവളോട് കൊഞ്ചും..

മൃദുവാം മടിയില്‍
തലചായ്ച്ചുറങ്ങും
പതിഞ്ഞ
നിശ്വാസമേറ്റുണരും
പരുക്കനൊച്ചക്കും
വാക്കിനും
വിട നല്‍കി
ഏകാന്തതയുടെ
കളിത്തോഴനാകും..

പന്തെടുക്കാന്‍..

"മരപ്പൊത്തില്‍ വീണ
പന്തെടുക്കാന്‍
ഒരുകുടം വെള്ളമൊഴിച്ചു
ചാചാ നെഹ്റൂ..!"

രണ്‍ടാം ക്ലാസിലിങ്ങനെ
പഠിച്ചിരുന്നു.

ഇവിടെ മുറ്റത്തെ,
കൈയെത്താവുന്ന
കുഴിയില്‍ വീണ
പന്തെടുക്കാന്‍
നൂറു വെള്ള-
ക്കുടങ്ങളുമായി
കാത്ത് നില്‍ക്കുന്നു
പമ്പരവിഡ്ഢികള്‍..

മൂട്ടകള്‍

ഒരിറ്റ് ചോരക്കായി
മൂട്ടകളെന്റെ
ഉറക്കം കെടുത്തുന്നു.
വെളിച്ചത്തിലാവാഞ്ഞിട്ടോ
പേടിച്ചിട്ടോ,
അവ
ഇരുളിനെ പുല്‍കുന്നു.
ബെഡ്ഡിനടിയില്‍
ബെഡ്ഡ് ഷീറ്റിനു പിറകില്‍
ബ്ലാങ്കെറ്റിന്‍ മടക്കില്‍
ഇരുട്ടില്‍ നിന്നിരുട്ടിലേക്കോടുന്നു
മൂട്ടകള്‍

ചൂടേല്പിച്ചു
ഡെറ്റോള്‍ തളിച്ചു
ഉറക്കമിളച്ചു-ഞാനും.
ചോര നിറഞ്ഞ്
വീര്‍ത്ത വയറുള്ള
വമ്പന്‍ മൂട്ടകള്‍
മാസ്കിങ് ടാപ്പില്‍
ഞെരിഞ്ഞമര്‍ന്നു
എന്നിട്ടും വേരറ്റില്ല..
ഇനി
ബോംബ് തന്നെ ശരണം..!!!

"നിന്റെ സൌഹൃദം പോലെ"

തോളത്ത് കൈവെച്ച്
കൈവിരല്‍ കോര്‍ത്ത്,
കൂടെ നടന്ന്..
കൂടണയുന്നേരം,
നിന്റെ വകയായിട്ടൊരു
"ബ്ലാങ്ക് എസ എം എസ്.."
പിന്നീടൊന്നിങ്ങനെയും .
“ നിന്റെ സൌഹൃദം പോലെ”..!


നടന്ന് തീര്‍ത്തതും,
കൂടെ ചിരിച്ചതും
കരഞ്ഞതും
പങ്ക് വെച്ചതും..
വെറുതെയാണെന്നോ..

അതോ
കാപട്യത്തിന്റെ
കറയില്ലാത്ത,
മുഖസ്തുതിയുടെ
വികല പൊലിവില്ലാത്ത
സൌഹൃദമെന്നോ..??
എന്ത് വായിക്കണം..

നീ തന്നെ പറ,
അടുത്ത എസ് എം എസ്സായെങ്കിലും....

നടുവേ ഓടുമ്പോള്‍..

മധ്യത്തിലൂടോടാനായിരുന്നു
എന്നുമിഷ്ടം..
ശല്യമായിട്ടാരും
പിന്നില്‍ ഹോണാടിക്കില്ല,
ഇടതോ വലതോ മാറാന്‍,
കണ്ണു ചിമ്മിക്കണം..
മടി -
അതിനൊട്ടനുവദിക്കുന്നുമില്ല..!

ഇടത്തോടുന്ന ഹമ്മര്‍,
എന്നെക്കാളേറെ മുമ്പിലാണ്,
വലത്തോടൂന്ന,
നരച്ച
മേര്‍സിഡിസ്,
ഏറെ പിന്നിലും...
ഗര്‍വ്വോടെ,
ഇടത് മാറുമ്പോള്‍,
പാഞ്ഞുവന്ന,
ലാന്റ് ക്രൂസിയറിനടിയില്‍
പിടഞ്ഞു..
തിമിരം ബാധിച്ച
കണ്ണുകള്‍ തന്നെ പ്രശ്നം..

ഓര്‍ക്കണമായിരുന്നു,
എന്റെയും അവന്റെയും
ചോരത്തിളപ്പിലെ
അന്തരം..

അമ്മ തല്ലുന്നത്

"അമ്മയെന്തിന്
നിങ്ങളെ തല്ലി"
മൂന്നു വാക്യത്തില്‍
ഉത്തരമെഴുതണം..

ബീരാനെഴുതി.
"ബാപ്പ വീട്ടില്‍ ബരുമ്പോ-ഞാന്‍,
നീച്ച് നില്‍ക്കാഞ്ഞതിന്..
കഞ്ഞിപാത്രം
തൊടൂക്കെറിഞ്ഞതിന്
സുബൈക്ക് നീച്ച്
നിസ്കരിക്കാത്തതിന്.."

പത്താം ക്ലാസ്സിലെ
സുനു എഴുതി,
"മഞ്ഞ പെന്‍സില്‍ മുറിച്ച്
പാതി പാറുവിനു നല്‍കിയതിന്
രാവിലെ
ഹോര്‍ലിക്സ് കുടീക്കാത്തതിന്
സ്കൂള്‍വിട്ട് വീട്ടിലോട്ട്
മഴയത്തൂടോടിയതിന്..."

എല്‍ കെ ജി യിലെ
പിങ്കുമോന്‍
കണ്ണു നിറച്ച്
മെല്ലെ പറഞ്ഞു,,
"തല്ലാനെനിക്ക് അമ്മയില്ലല്ലോ..
മമ്മിയാ തല്ലുന്നെ,
സീരിയല്‍ കാണുമ്പോ
"മമ്മീ"ന്ന് വിളിച്ചാ...."

കോങ്കണ്ണ്

എന്റെ കണ്ണുകള്‍ക്ക്,
രൂപമൊന്നായിട്ടും,
ദിശ രണ്ടാണ്.
വലത്തേത് നേരെയെങ്കില്‍,
ഇടത്തേത് ഇടത്തോട്ട്-
ഒരല്‍പം ചെരിഞ്ഞ്..!!
വലതുകണ്ടതധികവും,
ഇടത് കണ്ടില്ല,
തിരിച്ചും..

മുന്തിയ കണ്ണട വെച്ചിട്ടും
ഫലമൊന്നുമില്ല !
പ്രായമായ ചിലരെങ്കിലും
പറഞ്ഞു - നേരെയാവും
ഒന്നു തോണ്ടിയാല്‍..

ഇനിയായിട്ട് വേണ്ടെന്ന്
ഞാനും കരുതി.
ഇങ്ങനെയങ്ങ് തീരട്ടെ,
രണ്ടും രണ്ടായി തന്നെ..

നുഴഞ്ഞു കയറ്റം

വിഷമാണെന്നറിയാതെയാണ്,
ബാല്യത്തില്‍
കാഞ്ഞിരകായക്കഴിച്ചത്.
പെട്ടെന്ന് ആമാശയം,
ചെറു-വന്‍ കുടലുകള്‍ ചേര്‍ന്ന്
ഒത്തുപിടിച്ചതിനെ
താഴോട്ട് തള്ളിവിട്ടു.
രക്ഷപ്പെട്ടു...

ഇന്നലെ കോണിയിറങ്ങുമ്പോള്‍
നിലതെറ്റി വിണു,
പിന്നീടെണീറ്റതേയില്ല..
ഉള്ളിലാരോ
നുഴഞ്ഞുകയറിയോ?
ഇന്നോളം കുടിച്ച,
പെപ്സി- കോള..!!
മെക്ക്-ബര്‍ഗര്‍?? അങ്ങനെയാരേലുമാവാം..
എന്നാലും
ഒന്നൊത്തു പിടീക്കാന്‍,
ഒന്നു താഴോട്ടു തള്ളാന്‍
ആര്‍ക്കുമായില്ലേ??
ആരുമൊന്നുമുരിയാടാതെ,
സ്വയം ക്ഷയിക്കുകയായിരുന്നോ??

രണ്ട് വിധികള്‍

കൊതിച്ചിട്ടോ അല്ലതെയോ
പ്രവാസത്തോടെയാണ്
ശരീരം വിണ്ണിലും
ആത്മാവ് മണ്ണിലുമാക്കപ്പെട്ടത്

കൊതിച്ചിട്ടല്ലെങ്കിലും
മരണത്തോടെയാണ്
ശരീരം മണ്ണിലും
ആത്മാവ് വിണ്ണിലുമാക്കപ്പെട്ടത്.read here also

പ്രവാസി

വാശിയാണ്
ചില നേരങ്ങളില്‍
അവള്‍ വിളിക്കട്ടെയെന്ന്
അവന്‍ വിളിക്കട്ടെയെന്ന്
അവിടുന്നാരേലുമൊരു
മിസ്സ് കാളടിക്കട്ടെ..
അങ്ങനെ ഞാനും- സ്നേഹിക്കപ്പെടുന്നുവെന്നറിയാന്‍..
ഒന്നും കണ്ടില്ലേലുമവസാനം
ഞാനങ്ങോട്ട് തന്നെ വിളിക്കും
നീയെന്നെമറന്നാലും,
നിന്നെ ഞാനോര്‍ക്കുന്നുവെന്ന്,
പറയാതെ പറയും
അങ്ങനെ
ആത്മനിര്‍വൃതിയടയും...