മറവിമറവി,
ഹോംവര്‍ക്ക് ചെയ്യാത്ത
ബാല്യത്തിന്റെ
തീരാ ശാപം !
ബര്‍ത്ഡേ ഓര്‍ക്കാത്ത
കൗമാരത്തിലെ
പൊറുക്കപ്പെടാത്ത പാപം !
ഉറ്റവര്‍ ഒറ്റയാക്കിയ
വാര്‍ധ‍ക്യത്തിന് ദിവ്യവരം !


മറവി,
ഭൂതത്തില്‍ കോറിയിട്ട
കല്‍വര മായ്ക്കാന്‍
ഉള്ളിന്റെയുള്ളിലെ
പെന്‍സില്‍ ബോക്സിലെന്നും
കളയാതെ സൂക്ഷിച്ച
എറേസര്‍..!!


മൗനം


മുഖഭാഷ ധിക്കാരമെന്ന്,
മുന്‍ വിധിയെഴുതി
തഴയപ്പെട്ടു


വാക്കില്‍ മയമില്ലെന്ന്,
വായടപ്പിച്ച്,
വെറുക്കപ്പെട്ടു.

മൗനം രണ്ടാം ഭാഷയായപ്പോള്‍
മാന്യനാക്കി,
സ്നേഹിക്കപ്പെട്ടു.

ജേണലിസ്റ്റ്

തലയിലുള്ളത്
കാല്‍ക്കല്‍ സമര്‍പ്പിച്ച്
കഴുത്തിലിട്ട
'ഞാനി'ല്‍
സ്വയം നഷ്ടപ്പെടുന്നവന്‍..
കണ്ടത് മറന്ന്,
കേട്ടതിനു പിന്നാലെ
ഓടി തളര്‍ന്നവന്‍...

ബെഡ് സ്പെയ്സ്

ബെഡ് സ്പെയ്സ്
നാപ്പത് സെന്റില്‍
ഇരുനില വീടുള്ള
നാല്പത്കാരനും
ഇരവിലിരുന്ന്
കണ്ണീര്‍ പൊഴിക്കാന്‍
നാന്നൂറു ദിര്‍ഹമിനൊരു
ഇരുള്‍കൂട്..

നിര്‍ഭയം

നിര്‍ഭയനായിരുന്നേല്‍
ഞാന്‍,
"മൂകത"യെ പ്രണയിക്കും
മന്‍സ്സിലെ
ദു:ഖവും
സ്വപ്നവും
പങ്കുവെച്ച്
അവളോട് കൊഞ്ചും..

മൃദുവാം മടിയില്‍
തലചായ്ച്ചുറങ്ങും
പതിഞ്ഞ
നിശ്വാസമേറ്റുണരും
പരുക്കനൊച്ചക്കും
വാക്കിനും
വിട നല്‍കി
ഏകാന്തതയുടെ
കളിത്തോഴനാകും..

പന്തെടുക്കാന്‍..

"മരപ്പൊത്തില്‍ വീണ
പന്തെടുക്കാന്‍
ഒരുകുടം വെള്ളമൊഴിച്ചു
ചാചാ നെഹ്റൂ..!"

രണ്‍ടാം ക്ലാസിലിങ്ങനെ
പഠിച്ചിരുന്നു.

ഇവിടെ മുറ്റത്തെ,
കൈയെത്താവുന്ന
കുഴിയില്‍ വീണ
പന്തെടുക്കാന്‍
നൂറു വെള്ള-
ക്കുടങ്ങളുമായി
കാത്ത് നില്‍ക്കുന്നു
പമ്പരവിഡ്ഢികള്‍..